മൂന്നാംതരംഗം ഈ മാസം: ഒക്ടോബറില്‍ പാരമ്യം
കോവിഡ് മൂന്നാംതരംഗം ആഗസ്തില്‍ത്തന്നെ ഉണ്ടായേക്കുമെന്നും ഒക്ടോബറില്‍ പാരമ്യത്തിലെത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിനം ഒന്നുമുതല്‍ ഒന്നര ലക്ഷം കേസുവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാണ്‍പുര്‍, ഹൈദരാബാദ് ഐഐടി ഗവേഷകരുടെ പഠനം. രണ്ടാംതരംഗവുമായി താരതമ്യപ്പെടുത്തിയാല്‍ മൂന്നിന്റെ തീവ്രത കുറവായിരിക്കുമെന്നും ഗവേഷകരായ മാത്തുകുമാലി വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവര്‍ വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറില്‍ 40,134 പുതിയ കോവിഡ് രോഗികളും 422 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗികളുടെ എണ്ണം 40,000 കടന്നത്. മെയ് പകുതിക്കുശേഷം കോവിഡ് കേസുകളുടെ ആഴ്ചാനുപാത കണക്കില്‍ വര്‍ധന രേഖപ്പെടുത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ജൂലൈ 26 മുതല്‍ ആഗസ്ത് ഒന്നുവരെയുള്ള ആഴ്ചയില്‍ 2.86 ലക്ഷം പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ 2.66 ലക്ഷം കേസായിരുന്നു. ഞായറാഴ്ച 17 സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശങ്ങള്‍ കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണത കാണിച്ചു.

ആകെ വാക്സിന്‍ ഡോസ് 47.78 കോടി കടന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് വരെ 53.67 ലക്ഷം ഡോസ് കുത്തിവച്ചു. 18 – 44 വിഭാഗത്തിന് 16.92 കോടി ഡോസ് നല്‍കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 18–-44 വിഭാഗത്തില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യഡോസ് നല്‍കി.

